Latest Articles

കൃഷ്ണ ഏകാദശി

By jeyel - Wednesday, 23 October 2013

  By Rajasekharan Nair
 മുരൻ ഒരു പരാക്രമിയായ അസുരനായിരുന്നു. മുരൻ സ്വന്തം ശക്തി വർദ്ധിപ്പിക്കുന്നതിനായി ബ്രഹ്മാവിനെ പ്രീതിപ്പെടുത്താൻ കഠിന തപസ്സ് ചെയ്തു. വർഷങ്ങൾ കടന്നുപോയിട്ടും ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ടില്ല. വാശിയേറിയ
മുരൻ സ്വന്തം വാളെടുത്ത് ബ്രഹ്മാവിനെ സ്തുതിച്ചിട്ട് തന്റെ കഴുത്തു വെട്ടാനൊരുങ്ങി. ഇത്തവണ ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ടു.

"മുരാ, അവിവേകം കാണിക്കരുത്. നിന്റെ ഏതാഗ്രഹവും ഞാൻ സാധിച്ചുതരാം". ബ്രഹ്മാവ്‌ പറഞ്ഞു. മുരൻ ബ്രഹ്മാവിനെ കൈകൂപ്പി. എന്നിട്ട് അപേക്ഷിച്ചു, "പ്രഭോ, ബ്രഹ്മാസ്ത്രം തന്ന് അടിയനെ അനുഗ്രഹിക്കണം".

വിനാശകാരിയായ ബ്രഹ്മാസ്ത്രം കിട്ടിയാൽ ദേവന്മാരെപ്പോലും നിലയ്ക്ക് നിർത്താൻ കഴിയുമെന്ന് മുരനറിയാമായിരുന്നു. ബ്രഹ്മാവ്‌ അപകടം മുൻകൂട്ടി അറിഞ്ഞു. പക്ഷെ, മുരൻ ആവശ്യപ്പെട്ടതു നൽകാതിരിക്കാൻ ബ്രഹ്മാവിന് കഴിഞ്ഞില്ല.

ബ്രഹ്മാസ്ത്രം കിട്ടിയതോടെ ശക്തനായ മുരൻ ദേവന്മാരെയും മഹർഷിമാരെയും തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ തുടങ്ങി. മഹർഷിമാരുടെ യാഗശാലകൾ ഒന്നൊന്നായി അവൻ തല്ലിത്തകർത്തു. ആശ്രമങ്ങൾ അഗ്നിക്കിരയാക്കി. ദേവന്മാരുടെ കാര്യം ഇതിലും കഷ്ടമായിരുന്നു.

ദേവന്മാരെ പിടികൂടി വെള്ളത്തിൽ മുക്കിപ്പിടിച്ചു. ചിലരെ ചുഴറ്റി കടലിലെറിഞ്ഞു.
ഒടുവിൽ ദേവന്മാർക്കു പൊറുതിമുട്ടി. അവർ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. പക്ഷെ, മഹാവിഷ്ണുവിനും അത്ര എളുപ്പത്തിൽ ദേവന്മാരെ സഹായിക്കാൻ കഴിഞ്ഞില്ല. എങ്കിലും ദേവന്മാരെ സഹായിക്കാൻ മുരനോട് പൊരുതാൻ തന്നെ മഹാവിഷ്ണു നിശ്ചയിച്ചു.

അങ്ങനെ മഹാവിഷ്ണുവും മുരനും ഘോരയുദ്ധം തുടങ്ങി. പക്ഷെ, ശക്തനായ മുരനെ വധിക്കാൻ മഹാവിഷ്ണുവിനും കഴിഞ്ഞില്ല. ഒടുവിൽ മഹാവിഷ്ണു തളർന്നു.

വിശ്രമത്തിനായി മഹാവിഷ്ണു വേഗം ബദരിയിലെ സിംഹവതി ഗുഹയിലേക്ക് പാഞ്ഞു. മായാവിയായ മുരൻ മഹാവിഷ്ണുവിനെ അദ്രുശ്യനായി പിന്തുടരുന്നുണ്ടായിരുന്നു.
ഗുഹയിലെത്തിയ മഹാവിഷ്ണു യോഗമായയെ (സൃഷ്ടി വിഷയകമായി മഹാവിഷ്ണു പ്രയോഗിക്കുന്ന ശക്തി) മനസ്സിൽ ധ്യാനിച്ച്‌ ഉറങ്ങാൻ തുടങ്ങി. അപ്പോഴേക്കും ബ്രഹ്മാസ്ത്രവുമായി മുരൻ ഗുഹയിലെത്തി. മഹാവിഷ്ണുവിന്റെ
ശിരസ്സറുക്കാൻ മുരൻ ബ്രഹ്മാസ്ത്രമെടുത്ത് ഉന്നം പിടിച്ചു.

പെട്ടെന്ന് തീക്ഷ്ണമായ പ്രകാശം എങ്ങും പരന്നു. ആയുധധാരിയായ ഒരു ദിവ്യകന്യക മഹാവിഷ്ണുവിന്റെ ശരീരത്തിൽനിന്ന് ഉയർന്ന് വന്നു. മുരാസുരൻ വിസ്മരിച്ചുനിൽക്കെ ദിവ്യകന്യകയുടെ കൈയിൽനിന്ന് ആയിരക്കണക്കിനസ്ത്രങ്ങൾ മുരനെ
ലക്ഷ്യമാക്കി മിന്നല്പിണരിന്റെ വേഗത്തിൽ പാഞ്ഞുചെന്നു. ആ ശരമാരി തടുക്കാൻ മുരന് കഴിഞ്ഞില്ല. ശരീരം മുഴുവൻ അമ്പേറ്റ് ചിതറി. മുരൻ ഒടുവിൽ മരിച്ചുവീണു.

മുരന്റെ അലർച്ച കേട്ട് മഹാവിഷ്ണു ഞെട്ടിയുണർന്നു. അപ്പോൾ കണ്ടത് ഒരു ദിവ്യകന്യകയും മരിച്ചുകിടക്കുന്ന മുരനും.

മഹാവിഷ്ണുവിന് സന്തോഷമായി.

"ദേവി, ഇന്ന് ധനുമാസത്തിലെ ക്രുഷ്ണൈകാദശിയാണ്. ഇന്ന് ജനിച്ച നീ ഏകാദശി എന്ന പേരിൽ പ്രശസ്തയാകും. ദേവിയുടെ ജന്മനാളിൽ വൃതമെടുത്ത് എന്നെ ആരാധിക്കുന്നവർക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും". മഹാവിഷ്ണു അരുളിച്ചെയ്തു.
എകാദശി വൃതത്തിന്റെ കഥ ഇതാണ്

 

Follow our blog on jeyel, become a fan on Facebook. Stay updated via RSS

0 comments for "കൃഷ്ണ ഏകാദശി "

Leave a Reply

Advertisement