Latest Articles

പൂന്താനവും കൊള്ളക്കാരും

By jeyel - Tuesday 22 October 2013

ഗുരുവായുരപ്പന്റെ പരമഭക്തനായിരുന്നു പൂന്താനം നമ്പൂതിരി. ഒരിക്കൽ പൂന്താനത്തിന്റെ ഉറ്റമിത്രമായ മേൽപ്പത്തൂർ നാരായണ ഭട്ടതിരി വിലപിടിച്ച ഒരു മോതിരം പൂന്താനത്തിന് നൽകി. പൂന്താനത്തിന്റെ സന്തോഷത്തിനതിരില്ലായിരുന്നു. അദ്ദേഹം ആ മോതിരം എപ്പോഴും വിരലിൽ തന്നെ അണിഞ്ഞിരുന്നു.
വള്ളുവനാട്ടിലെ* പൂന്താനം ഇടയ്ക്ക് ഗുരുവായൂരിൽ ഭഗവൽദർശനത്തിനു പോകാറുണ്ടായിരുന്നു. കാൽനടയായി കാട്ടിലൂടെയാണ് യാത്ര. വഴിയിൽ കൊള്ളക്കാർ
ഒളിച്ചിരിക്കുന്ന കാര്യം പൂന്താനമറിഞ്ഞില്ല. പൂന്താനത്തിനുമുന്നിൽ രണ്ടു കൊള്ളക്കാർ ആയുധങ്ങളുമായി ചാടിവീണു. അദ്ദേഹം ഗുരുവായുരപ്പനെ വിളിച്ച് ഉച്ചത്തിൽ കരയാൻ തുടങ്ങി.
ഇതിനിടയിൽ കൊള്ളക്കാരിലൊരാൾ പൂന്താനത്തെ പിടിച്ചുകെട്ടി.
ജീവരെക്ഷക്കായി കൈയിലൂള്ള എല്ലാ സാധനങ്ങളും, മോതിരം ഉൾപ്പടെ, കൊടുക്കാൻ തന്നെ ആ പാവം നമ്പൂതിരി തീരുമാനിച്ചു. അപ്പോഴതാ, ദൂരെ കുതിരകുളമ്പടി കേൾക്കുന്നു! അന്നാട്ടിലെ രാജാവിന്റെ സേനാനായകൻ ഊരിപ്പിടിച്ച വാളുമായി പാഞ്ഞെത്തി. പൂന്താനത്തിന് ആശ്വാസമായി. ഇതുകണ്ട് കൊള്ളക്കാർ കാട്ടിൽ ഓടിയൊളിച്ചു.
സേനാനായകൻ പൂന്താനത്തിന്റെ കെട്ടുകളഴിച്ചുമാറ്റി, അദ്ദേഹത്തെ രക്ഷിച്ചു.
"സാക്ഷാൽ ഗുരുവായുരപ്പനാണ് അങ്ങയെ ഇങ്ങോട്ടയച്ചത്‌. ഈ ഉപകാരത്തിനു ഞാൻ എന്താണ് പ്രതിഫലം തരിക?". പൂന്താനം സേനാനായകനോട് ചോദിച്ചു. സേനാനായകൻ പുഞ്ചിരി തൂകി പൂന്താനത്തിന്റെ വിരലിലെ മോതിരത്തിലേക്ക് നോക്കി. "അങ്ങയ്ക്ക് വിരോധമില്ലെങ്കിൽ ആ മോതിരം എനിക്ക് തന്നോളു". സേനാനായകൻ പറഞ്ഞു. വിഷമത്തിലായ ഭട്ടതിരി മനസ്സില്ലാമനസ്സോടെ മോതിരം സേനാനായകന് സമ്മാനിച്ചു. അദ്ദേഹം പൂന്താനത്തെ ഗ്രാമപ്രദേശത്ത് എത്തിച്ച് തിരിച്ചുപോയി.
അന്നുരാത്രി ഉറങ്ങാൻ കിടന്ന ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാരിക്ക് സ്വപ്നത്തിൽ ഗുരുവായുരപ്പൻ പ്രത്യക്ഷപ്പെട്ടു. "എന്റെ കാൽപാദത്തിൽ ഒരു മോതിരം കിടപ്പുണ്ട്..... ദർശനത്തിനെത്തുന്ന പൂന്താനം നമ്പൂതിരിക്ക് ആ മോതിരം കൊടുക്കണം". ഗുരുവായുരപ്പൻ
അരുളിച്ചെയ്തു.
പിറ്റേന്ന് പതിവുപോലെ പൂജെക്കെത്തിയ പൂജാരി ആ അത്ഭുതം കണ്ടു. വാർത്ത കാട്ടുതീ പോലെ പരന്നു. ഭക്തന്മാർ ക്ഷേത്രത്തിനു ചുറ്റും കൂടി. അപ്പോഴേക്കും പൂന്താനം നമ്പൂതിരിയും കുളികഴിഞ്ഞ് ദർശനത്തിനായി ക്ഷേത്രത്തിലെത്തി. "ഇന്നെന്താ പതിവില്ലാതെ ഒരു തിരക്ക്?". പൂന്താനം ചോദിച്ചു.
ക്ഷേത്രപൂജാരി തലേന്ന് കണ്ട സ്വപനത്തെക്കുറിച്ചും ഭഗവൽ പാദത്തിൽ നിന്ന് കിട്ടിയ മോതിരത്തെക്കുറിച്ചും പൂന്താനത്തോട് പറഞ്ഞു. എന്നിട്ട് മോതിരം പൂന്താനത്തിന്
നൽകി. മോതിരം തിരിച്ചും മറിച്ചും നോക്കി...ഭട്ടതിരി തന്ന അതേ മോതിരം.... തലേദിവസം സേനാനായകന് കൊടുത്ത അതേ മോതിരം..... അപ്പോൾ സേനാനായകനായി വന്നത്....! പൂന്താനത്തിന്റെ കണ്ണുകൾ നിറഞ്ഞു....കണ്ഠമിടറി.....കൈകാലുകൾ വിറച്ചു.....കൃഷ്ണാ!
ആശ്രയവത്സലനായ അങ്ങ്തന്നെയായിരുന്നു അല്ലേ....? പൂന്താനത്തിന്റെ വാക്കുകൾ കേട്ട് ചുററും നിന്നിരുന്നവർ അത്ഭുതം പൂണ്ടു. പിന്നീടു പൂന്താനം ക്ഷേത്രദർശനം കഴിഞ്ഞ് സ്വന്തം ഇല്ലത്തേക്ക് മടങ്ങുകയും ചെയ്തു.
--------------------------------------------------------------------------------------------------------------------------
 *17-ആം ശതകത്തിൽ വള്ളുവനാട്ടിലെ നെന്മേനി അംശത്തിൽ ജീവിച്ചിരുന്ന ഭക്തകവിയാണ് പൂന്താനം. നാരായണീയത്തിന്റെ കർത്താവായ മേൽപ്പത്തൂർ ഭട്ടതിരിയുടെ സമകാലികനായിരുന്ന പൂന്താനം ഇരുപതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്. ജ്ഞാനപ്പാനയാണ് ഏറെ പ്രശസ്തം. ബ്രഹ്മദത്തൻ എന്നാണ് പൂന്താനത്തിന്റെ ശരിയായ പേരെന്ന് ചിലർ പറയുന്നു. നീലകണ്ഠൻ നമ്പൂരിയാണ് പൂന്താനത്തിന്റെ ഗുരുവെന്ന് 'ശ്രീകൃഷ്ണ കർണാമൃതം' എന്ന കാവ്യത്തിൽ കാണാം.

Follow our blog on jeyel, become a fan on Facebook. Stay updated via RSS

0 comments for "പൂന്താനവും കൊള്ളക്കാരും "

Leave a Reply

Advertisement