Latest Articles

കോട്ടുക്കൽ ഗുഹാക്ഷേത്രം...

By jeyel - Monday 20 January 2014

കൊല്ലം ജില്ലയിലെ അഞ്ചലിനടുത്തുള്ള ഇട്ടിവ ഗ്രാമപഞ്ചായത്തിൽ കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം. കേരളസർക്കാരിന്‍റെ സംരക്ഷണയിലാണ് ഈ ക്ഷേത്രം.


                             സ്ഥലനാമ പുരാണം പ്രകാരം കല്ലിൽ മനോഹരമായി ക്ഷേത്രം ‘കോട്ടി’ (നിർമ്മിച്ച്)യെടുത്തപ്പോൾ ‘കോട്ടിയകല്ല്’ “കോട്ടുക്കൽ” ആയിതീർന്നതാണെന്ന് പറയപ്പെടുന്നു. കോട്ടുക്കല്ലിനടുത്തുള്ള ‘കൊട്ടാരഴികം’ കൊട്ടുകാർ അഴികമായിരുന്നുവത്രേ. മഹാവാദ്യമായ ചെണ്ടകൊട്ട് കുലത്തൊഴിലാക്കിയ മാരാർ സമുദായക്കാർ അവിടെ താമസിച്ചിരുന്നു. ഇന്നും ഈ വിഭാഗത്തിൽ ധാരാളം പേർ കൊട്ടാരഴികത്ത് താമസിക്കുന്നു.

             ആയൂര്‍ എന്ന സ്ഥലം അടുത്തായതിനാല്‍ ആയ്‌ രാജവംശവുമായി ഈസ്ഥലത്തിന്‌ ബന്ധമുണ്ടെന്ന്‌ കരുതാം. ആയ്‌ രാജവംശത്തിന്‍റെ ഭക്തി സമ്പ്രദായവും പല്ലവ രാജവംശത്തിന്‍റെ ശില്‍പമാതൃകയും പലതും ചരിത്രമാണ്,പതിറ്റാണ്ടുകളുടെ പരിശ്രമം ഇതിനുവേണ്ടി വന്നിട്ടുണ്ടാകും. കല്‍തൃക്കോവില്‍ ഗുഹാക്ഷേത്രമെന്ന പേരിലും ഇത്‌ പ്രസിദ്ധമാണ്‌.....,..

ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒന്നിലധികം ഐതീഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്.

                 ശിവന്‍റെ ഭൂതഗണങ്ങൾ ചുമന്നുകൊണ്ടുവന്ന പാറയായ ഇതിനെക്കുറിച്ച് ശിവഭക്തനായ ഒരു സന്യാസിക്ക് സ്വപ്നദർശനം ലഭിക്കുകയും അദ്ദേഹം ഈ പാറയിൽ ശിവക്ഷേത്രം നിർമ്മിച്ചു; എന്നതാണ് ഒരൈതീഹ്യം. ശിവഭക്തരായ രണ്ട് ദേവതകൾ ബ്രഹ്മമുഹൂർത്തത്തിൽ ക്ഷേത്രസ്ഥാപനം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ആകാശമാർഗ്ഗത്തിൽ സഞ്ചരിക്കുകയും. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെത്തിയപ്പോൾ കോഴികൂവുകയും ചെയ്തു. സൂര്യോദയം ആണെന്നുകരുതി, അത് ഇവിടെ സ്ഥാപിച്ചു; എന്നത് മറ്റൊരു ഐതീഹ്യമായും കരുതപ്പെടുന്നു. ക്ഷേത്രം നിർമ്മിച്ചതിന് കൃത്യമായ രേഖകളില്ല. ക്ഷേത്രോൽപ്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് ചരിത്രകാരന്മാർക്കുള്ളത്.
                ഏ.ഡി. ഏഴാം നൂറ്റാണ്ടിനും പതിനൊന്നിനും ഇടയ്ക്ക് ക്ഷേത്ര നിർമ്മിതി നടന്നതായി കരുതപ്പെടുന്നു.യന്ത്രങ്ങളുടെ സഹായമില്ലാതെ പരമ്പരാഗതമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ക്ഷേത്രം കൊത്തി എടുത്തിട്ടുള്ളത്.

              പാണ്ഢ്യ രാജാവ് ആധിപത്യം സ്ഥാപിച്ചകാലത്തോ അതിനു ശേഷമോ ആയിരിക്കണം കോട്ടുക്കൽ ഗുഹാക്ഷേത്രം ഉണ്ടായിട്ടുളളത്. ശിവ പ്രതിഷ്ഠയും, ശിവന്‍റെ ഭൂതഗണാംഗമായ ശൂലധാരിയായ കാവൽക്കാരനും ഉളള ക്ഷേത്രങ്ങൾ പാണ്ടി ദേശത്തുണ്ടായത് ജടില പരാന്തകന്‍റെ കാലഘട്ടത്തോടടുത്താണ്. കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലും ഈ പ്രത്യേകതയാണ് കാണാൻ കഴിയുന്നത്.

കുറ്റിക്കൽ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ഗുഹാ ക്ഷേത്രം പതിനൊന്ന് സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

ഒറ്റപ്പാറയിൽ കിഴക്കോട്ട് അഭിമുഖമായിട്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പത്തടി നീളവും എട്ടടി വീതിയുമുള്ള രണ്ടു മുറികളുണ്ട് ഈ മുറികളിലാണ് രണ്ട് ശിവലിംഗങ്ങൾ പാറയാൽ നിർമ്മിച്ച പീഠത്തിൽ സ്ഥാപിച്ചിരിക്കുന്നത്.
മുറികൾക്കു പുറത്ത് പാറയിൽ കൊത്തിയ ഗണപതി വിഗ്രഹമുണ്ട്. തെക്കു ഭാഗത്തെ മുറികൾക്കു മുന്നിൽ അഷ്ടകോണിൽ നിർമ്മിച്ച കൽ മണ്ഡപമുണ്ട്. മണ്ഡപത്തിന്‍റെ ഒരു ഭിത്തിയിൽ ഗണപതിയുടെയും മറു വശത്ത് നന്ദികേശന്‍റെയും രൂപങ്ങൾ കൊത്തി വച്ചിരിക്കുന്നു.

ശിവലിംമാണ് പ്രധാന പ്രതിഷ്ഠ. വടക്കു വശത്തെ മുറിക്കു മുന്നിൽ ഭൂത ഗണത്തിൽ ഹനുമാന്‍റെയും നന്ദികേശന്‍റെയും രൂപങ്ങളുണ്ട്. ചതുരാകൃതിയിലുള്ള മുറികളുടെ വാതിലുകളും പ്രതിഷ്ടകളും ഒറ്റപ്പാറയിൽ കൊത്തിയെടുത്തവയാണ്.

വാസ്തു ശില്‍പ്പത്തിന്‍റെ മനോഹാരിതയും, തച്ചു ശാസ്ത്രത്തിന്‍റെ തികവും ഒത്തു ചേര്‍ന്നതാണ് ഈ ഗുഹാക്ഷേത്രം. ആധുനിക ജനവാസം ആരംഭിക്കുമ്പോള്‍ ക്ഷേത്രത്തിന് ചുറ്റുമുളള പ്രദേശങ്ങള്‍ വനവും, കുറ്റിക്കാടുകളും കൊണ്ട് നിറഞ്ഞിരുന്നു. ക്ഷേത്ര നിര്‍മ്മാണം വിരല്‍ ചൂണ്ടുന്നത് ഉയര്‍ന്ന ഒരു സംസ്കൃതിയിലേക്കും, വനങ്ങളും, കാടുകളും സൂചിപ്പിക്കുന്നത് ജനവാസമില്ലാതായതിലേക്കുമാണ്.

ക്ഷേത്രത്തിന്‍റെ മുന്നിൽ കൊടിയ വേനലിലും വറ്റാത്ത ഒരു കുളമുണ്ട്. മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓവുചാലുകളുമുണ്ട്. കൂടാതെ യോഗീശ്വരനെ പൂജിക്കുന്ന ഒരു കല്ല് ക്ഷേത്രമുറ്റത്തും ചുമ്മാട്പാറ എന്നറിയപ്പെടുന്ന ഒരു പാറ ക്ഷേത്രത്തിന്‍റെ പിന്നിലും സ്ഥിതിചെയ്യുന്നു.

പൂജയും മറ്റും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മേൽനോട്ടത്തിൽ നടക്കുന്നു. കുംഭമാസത്തിലെ ശിവരാത്രി ദിവസമാണ് ഉൽസവം.

കോട്ടുക്കൽ ഗുഹാക്ഷേത്രം ക്ഷേത്രം 1966 മുതല്‍ പുരാവസ്തു വകുപ്പിന്‍റെ അധീനതയിലാണ്..

LINK http://en.wikipedia.org/wiki/Kottukal_cave_temple

Follow our blog on jeyel, become a fan on Facebook. Stay updated via RSS

0 comments for "കോട്ടുക്കൽ ഗുഹാക്ഷേത്രം..."

Leave a Reply

Advertisement