Latest Articles

ഷോടശസംസ്കാരങ്ങള്‍:-

By jeyel - Tuesday 5 November 2013

  ബ്രാഹ്മണര്‍ അനുഷ്ഠിക്കേണ്ട പതിനാറു വൈദികകര്‍മ്മങ്ങളാണ് ഷോടശസംസ്കാരങ്ങള്‍ അഥവാ ഷോടശകര്‍മ്മങ്ങള്‍. ഗര്‍ഭധാനം, പുംസവനം , സീമന്തം, ജാതകര്‍മ്മം, നാമകരണം, നിഷ്ക്രാമണം, അന്നപ്രാശനം, ചൂഡാകര്‍മ്മം, കര്‍ണവേദം, ഉപനയനം, വേദാരംഭം, കേശാന്തം, സമാവര്‍ത്തനം, വിവാഹം, ഔപാസനാഗ്നിസ്വീകരണം, ത്രേതാഗ്നിസംഗ്രഹം എന്നിവയാണ് പതിനാറു ഷോടശസംസ്കാരങ്ങള്‍. ഗര്‍ഭാവസ്ഥമുതല്‍ മരണംവരെ ക്രമത്തില്‍ ചെയ്യേണ്ടവയാണ് ഈ കര്‍മ്മങ്ങള്‍. ചില വിഭാഗക്കാര്‍ ഈ കര്‍മ്മങ്ങളില്‍ ഈഷത് വ്യത്യാസങ്ങള്‍ വരുത്താറുണ്ട്. സ്മൃതിയെ അനുസരിച്ചാണ് ഇവ ചെയ്യുന്നത്. എന്നാല്‍ ശൗതമമനുസരിച്ചുള്ളതാണ് ത്രേതാഗ്നിസംഗ്രഹം.

ഒന്നാമത്തേതായ ഗര്‍ഭധാനത്തിനു സേകം, വേളിശ്ശേഷം എന്നീ പേരുകളുണ്ട്. അഗ്നിസാക്ഷികമായി വിവാഹംചെയ്ത വധൂവരന്‍മാരുടെ ആദ്യത്തെ ലൈംഗികബന്ധത്തെയാണ് ഗര്‍ഭധാനം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്. നല്ല മുഹൂര്‍ത്തത്തില്‍ മന്ത്രപുരസ്സരത്തിനു ശേഷം (അല്ലെങ്കില്‍ ഏതെങ്കിലും ക്ഷേത്രദര്‍ശനത്തിനു ശേഷം) ഇതു നടത്തണമെന്നാണ് വിധി. ആദ്യത്തെ ലൈംഗികബന്ധത്തില്‍ സ്ത്രീ ഗര്‍ഭിണി ആകണമെന്നില്ല. എന്നാല്‍ തുടര്‍ന്നും മുഹൂര്‍ത്തം നോക്കിയേ ബന്ധപ്പെടാവു എന്നുണ്ട്.

ഗര്‍ഭധാനത്തിനുശേഷം മൂന്നുമാസം കഴിഞ്ഞാല്‍ പുംസവനം നടത്താം. പുരുഷസന്താനമുണ്ടാകുന്നതിനായി നടത്തുന്ന കര്‍മ്മം. ബ്രാഹ്മണരുടെയിടയില്‍ മന്ത്രപൂതമായ നെയ്യും ചില ഔഷധങ്ങളും ഈ അവസരത്തില്‍ സ്ത്രീക്ക് നല്‍കുന്നു. നാലാം മാസത്തിലാണ് സീമന്തം എന്ന കര്‍മ്മം നടത്തുന്നത്. ഭാര്യയുടെ സീമന്തരേഖ മുള്ളന്‍പന്നിയുടെ മുള്ളുകൊണ്ട് ഭര്‍ത്താവ് പകുത്തുകൊടുക്കുന്നു. ശ്രേഷ്ഠനും രൂപസമ്പന്നനുമായ പുത്രനുണ്ടാകണമെന്നു ക്രിയാകാരന്‍ ധാതാവിനോട് പ്രാര്‍ത്ഥിക്കുന്നു. ശിശുവിന്‍റെ ജനനത്തെത്തുടര്‍ന്ന് നടത്തുന്നതാണ് ജാതകര്‍മ്മം. തേനും നെയ്യും വയമ്പും എടുത്ത് അതില്‍ സ്വര്‍ണമുരച്ച് പിതാവ് കുട്ടിയുടെ നാക്കില്‍ തേച്ചുകൊടുക്കുന്നു. കുട്ടിക്ക് പേരിടുന്ന കര്‍മ്മമാണ് നാമകരണം. കുട്ടിയെ ആദ്യമായി വീടിനു പുറത്തിറക്കുന്ന കര്‍മ്മമാണ്‌ നിഷ്ക്രാമണം. നാലാം മാസത്തിലോ ചോറൂണിനു തൊട്ടുമുന്‍പ് അതേ രാശിയിലോ ആണ് നിഷ്ക്രാമണം നടത്തുന്നത്. അന്നപ്രാശനം ചോറൂണാണ്. തലമുടി കളയലാണ് ചൗളം. കര്‍ണവേദം കാതുകുത്തലാണ്. അതിനുശേഷം ഉപനയനം (ആണ്‍കുട്ടികള്‍ക്ക്) നടത്തുന്നു. അതോടുകൂടി വിജത്വം കൈവരുന്നുവെന്നു സങ്കല്‍പ്പം. വേദം പഠിച്ചുതുടങ്ങുന്നതാണ് വേദാരംഭം. കചം വടിച്ചുകളയുന്നതാണ് കേശാന്തം എന്ന കര്‍മ്മം. ബ്രഹ്മചര്യനിഷ്ഠമായ വിദ്യാഭ്യാസകാലത്തിന്‍റെ പര്യാവസാനമാണ് സമാവര്‍ത്തം. സമാവര്‍ത്തത്തിനു മുമ്പുവരെയുള്ള കര്‍മ്മങ്ങളില്‍ കര്‍മ്മി പിതാവും അതിനുശേഷമുള്ള കര്‍മ്മങ്ങളില്‍ "ഉണ്ണി" യുമാണ്‌.
വിവാഹാനന്തരം ഭാര്യാസമേതനായ പുരുഷന്‍ നടത്തുന്ന കര്‍മ്മമാണ് ഔപാസനാഗ്നിസ്വീകരണം (അഗ്ന്യാധാനം). ഐഹികവും പാരത്രികവുമായ ഐശ്വര്യത്തിനത്രെ ഈ കര്‍മ്മം അനുഷ്ഠിക്കുന്നത്. യാഗത്തിന് അധികാരികളായവര്‍ മാത്രമേ ത്രേതാഗ്നിസംഗ്രഹം നടത്തിയിരുന്നൊള്ളു.

Follow our blog on jeyel, become a fan on Facebook. Stay updated via RSS

0 comments for "ഷോടശസംസ്കാരങ്ങള്‍:-"

Leave a Reply

Advertisement