Latest Articles

നാരദന്റെ മഹത്വം

By jeyel - Friday 25 October 2013

          നാരദമഹർഷി സർവലോക സഞ്ചാരിയാണ്. കൈയ്യിൽ വീണയും ചുണ്ടിൽ നാരായ ണമന്ത്രവുമായി സഞ്ചരിക്കുന്ന നാരദനെ ശ്രീകൃഷ്ണന് വലിയ ഇഷ്ടമായിരുന്നു. വിഷ്ണുഭക്തനായ നാരദന്, തനിക്കു വേണ്ടത്ര പുണ്യം ലഭിച്ചിട്ടില്ല എന്നൊരു സംശയം തോന്നി. അത് ശ്രീകൃഷ്ണനോട് അവതരിപ്പിക്കുകയും ചെയ്തു. മന്ദഹാസം തൂകി ശ്രീകൃഷ്ണൻ നാരദനെ ചാരത്തുവിളിച്ചു ഇപ്രകാരം പറഞ്ഞു ,'മഹർഷെ! അങ്ങയുടെ സംശയം വെറുതെയാണ്. അങ്ങ് തീർച്ചയായും പുണ്യാത്മാവു തന്നെയാണ് '. ഇത്രയും പറഞ്ഞിട്ട് ശ്രീകൃഷ്ണൻ നാരദനോട് അല്പം ദൂരെയായി ഒരു മാന്തോപ്പിൽ പോയിവരാൻ അരുളിച്ചെയ്തു. മാന്തോപ്പിൽ നാരദൻ പ്രത്യേകിച്ച് ഒന്നും കണ്ടില്ല. അദ്ദേഹം ഒരു മാവിന്റെ തണലിൽ വിശ്രമിച്ചു. അപ്പോഴതാ അൽപ്പം അകലെ നിന്നും ഒരു ദുർഗന്ധം അനുഭവപ്പെട്ടു. നാരദൻ എണീറ്റ്‌ അവിടെ ചെന്നപ്പോൾ കണ്ടത് ഒരു ചാണക കൂനയായിരുന്നു. അതിൽനിന്നും ഒരു പുഴു തന്നെ സൂക്ഷിച്ചു നോക്കുന്നത് നാരദൻ കണ്ടു. നാരദനെ കണ്ടപാടെ ആ പുഴു ചത്തുപോയി. നാരദന്റെ ദുഃഖം ഇരട്ടിയായി. അദ്ദേഹം ക്ഷണനേരത്തിൽ ശ്രീകൃഷ്ണന്റെ അടുത്തുചെന്നു വിഷാദത്തിൽ കാര്യങ്ങൾ വ്യക്തമാക്കി. മന്ദസ്മിതം തൂകി ശ്രീകൃഷ്ണൻ അദ്ദേഹത്തെ സമാധാനിപ്പിച്ചിട്ട് വീണ്ടും അവിടേക്കുതന്നെ നാരദനെ പറഞ്ഞയച്ചു . ശ്രീകൃഷ്ണന്റെ വാക്കുകൾ കേട്ട് നാരദൻ വീണ്ടും അവിടേക്കുചെന്നു. അപ്പോഴതാ ആ തേന്മാവിൻ പോടിലിരുന്നു ഒരു തത്ത കരയുന്നു. നാരദൻ അടുത്തുചെന്നു സൂക്ഷിച്ചു നോക്കിയപ്പോൾ ആ തത്ത ചിറകൊടിഞ്ഞു താഴേക്കുവീണ് പിടഞ്ഞുമരിച്ചു . നാരദനാകട്ടെ, തന്റെ വീക്ഷണം കൊണ്ട് രണ്ടു പ്രാണികൾ പ്രാണനൊടുക്കിയത് താങ്ങാനാവാതെ സ്വയം മടങ്ങി. നാളുകൾ കടന്നുപോയി . നാരദൻ വീണ്ടും ശ്രീകൃഷ്ണനെ കാണാൻ ചെന്നു. ആ സമയം ഒരു രാജാവും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ ആണ്‍കുഞ്ഞിനെ നേരിൽ ചെന്നു അനുഗ്രഹിക്കാൻ ശ്രീകൃഷ്ണ നോട് ആവശ്യപ്പെടുകയായിരുന്നു. നാരദനെ കണ്ടപാടെ ശ്രീകൃഷ്ണൻ അദ്ദേഹത്തോട് ആ ആവശ്യം നിറവേറ്റാൻ അരുളിച്ചെയ്തു. നാരദൻ അത് കേട്ട് ഭയന്നുപോയി. കാരണം തന്നെ കണ്ടപ്പോഴേ രണ്ടു മിണ്ടാപ്രാണികൾ ചത്തുവീണതല്ലെ ! അതുപോലെ രാജാവിന്റെ മകനും എന്തെങ്കിലും സംഭവിച്ചാൽ....അതുകൊണ്ട് നാരദൻ രാജാവിന്റെകൂടെ പോകേണ്ടന്നു നിശ്ചയിച്ചു.. ഇംഗിതം അറിഞ്ഞ ശ്രീകൃഷ്ണൻ നാരദനെ നിർബന്ധിച്ച്‌ രാജാവിനോടൊപ്പം അയച്ചു. കുഞ്ഞിന്റെ അരികിലെത്തിയ നാരദൻ കുഞ്ഞിനെ ശ്രദ്ദിക്കാതെ മുഖം തിരിച്ചുപിടിച്ചു. അപ്പോഴുണ്ട് നാരദനെ അമ്പരിപ്പിച്ചുകൊണ്ട് ഒരശരീരി മുഴങ്ങി. "കരുണാമയനായ നാരദമഹർഷെ! അങ്ങെന്താണ് എന്നെ നോക്കാതെ പോകുന്നത്? വെറുമൊരു പുഴുവായിരുന്ന എനിക്ക് അങ്ങയുടെ ദിവ്യദൃഷ്ടി പതിഞ്ഞപ്പോൾ തത്തയായി പിറക്കാൻ കഴിഞ്ഞു. തത്തയായിരിക്കെ അങ്ങയുടെ ദർശനം ലഭിച്ച ഞാനിതാ, ഒരു രാജകുമാരനായി പിറന്നിരിക്കുന്നു! പുണ്യാത്മാവായ അങ്ങ് എന്നെ കടാക്ഷിക്കില്ലെ?" അശരീരി കേട്ട് നാരദന്റെ മനം കുളിർത്തു. അദ്ദേഹം രാജകുമാരനെ സ്നേഹത്തോടെ നോക്കി. ശ്രീകൃഷ്ണന്റെ മഹത്വവും സ്വന്തം മഹത്വവും മനസ്സിലാക്കിയ നാരദമഹർഷി മനസാ ശ്രീകൃഷ്ണനോട് നന്ദി പറഞ്ഞു ആഹ്ലാദത്തോടെ അവിടെനിന്നും യാത്രയായി. 


Follow our blog on jeyel, become a fan on Facebook. Stay updated via RSS

0 comments for "നാരദന്റെ മഹത്വം "

Leave a Reply

Advertisement